അടിമാലി: അടിമാലി മേഖലയിൽ തോട്ടങ്ങളിൽ ഏലയ്ക്കാ മോഷണം വ്യാപകമായി. കഴിഞ്ഞ ദിവസം പീച്ചാട് പ്ലാമല റോജി ചെറുകോടിന്റെ രവി എസ്റ്റേറ്റില്‍ വന്‍ ഏലയ്ക്കാ മോഷണം നടന്നു. ചെടിയുടെ ശരം സഹിതം പിഴുതെടുത്താണ് മോഷ്ടാക്കള്‍ ഏലയ്ക്കാ കവര്‍ന്നത്. തോട്ടത്തില്‍നിന്നു നൂറ് കിലോയിലധികം പച്ച ഏലയ്ക്ക മോഷണം പോയതായാണ് കണക്കാക്കുന്നത്.
വിപണിയില്‍ ഏലക്കായ്ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് മോഷണം പെരുകുന്നത്. നിലവില്‍ പച്ച ഏലക്കായ്ക്ക് കിലോയ്ക്ക് 550 രൂപയും ഉണക്ക ഏലക്കയ്ക്ക് 3000 രൂപയോളവുമാണ് വില. തോട്ടത്തില്‍ ശരങ്ങള്‍ കിടക്കുന്നതു കണ്ട് ഉടമസ്ഥന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.
ശരംസഹിതം നശിപ്പിക്കുന്നതിനാൽ കർഷകർക്ക് ഒരു സീസണിലെ ആദായം മുഴുവൻ നഷ്ടമാകുകയുമാണ്. പീച്ചാട്, പ്ലാമല തുടങ്ങിയ പ്രദേശങ്ങളിലെ എസ്റ്റേറ്റുകളില്‍ നാലു വര്‍ഷമായി ഏലയ്ക്കാ മോഷണം ഉണ്ടാകുന്നുണ്ട്.